ആ വാഴവെട്ട്
ആമുഖം
കൃഷിയെ അളവറ്റു സ്നേഹിച്ച മാർക്കോസുചേട്ടന്റെ കഥയാണ് ആ വാഴവെട്ട്.കാർഷികവൃത്തിയെ അവലംബിച്ചു ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ ആവലാതികളും നൊമ്പരങ്ങളുമെല്ലാം വല്ലാതെ ഹൃദയസ്പർശിയായി കഥാകൃത്ത് അവതരിപ്പിക്കുന്നു.മനുഷ്യത്വം തൊട്ടുതീണ്ടാത്ത അധികാര വ്യവസ്ഥിതിയെ ശക്തമായ ഭാഷയിൽ വിമർശിക്കുകയാണ് പൊൻകുന്നം വർക്കി.
കഥാപത്രനിരൂപണം -മാർക്കോസുചേട്ടൻ
മധ്യതിരുവിതാംകൂറിലെ കാര്‍ഷികജീവിതം പശ്ചാത്തലമാക്കി പൊന്‍കുന്നം വര്‍ക്കി രചിച്ച കഥയാണ് ‘ആ വാഴവെട്ട്’. 1940-കളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അനുഭവിച്ചിരുന്ന ജീവിതദുരിതത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ് ഈ കഥ. ഈ കഥയിലെ പ്രധാന കഥാപാത്രം മര്‍ക്കോസുചേട്ടന്‍ എന്ന കൃഷിക്കാരനാണ്. മര്‍ക്കോസുചേട്ടന്റെ കഥാപാത്രനിരൂപണം തയാറാക്കിയിരിക്കുന്നത് വായിക്കുക.
പൊന്‍കുന്നം വര്‍ക്കിയുടെ ‘ആ വാഴവെട്ട്’ എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് മര്‍ക്കോസുചേട്ടന്‍. മണ്ണിനെ അറിയുന്ന, നല്ല അനുഭവജ്ഞാനമുള്ള കൃഷിക്കാരനാണ് അയാള്‍. എല്ലുകള്‍ ഉന്തിനില്‍ക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അര്‍ധനഗ്നമായ ശരീരവും ഒറ്റനോട്ടത്തില്‍ത്തന്നെ അയാളെ ഒരു കൃഷിക്കാരനെന്ന് വിളിച്ചുപറയും. തനിക്ക് ആകെയുള്ള ഒരേക്കര്‍ സ്ഥലത്ത് കഠിനമായി അധ്വാനിച്ചാണ് അയാള്‍ ജീവിതം പുലര്‍ത്തുന്നത്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച്, ശരീരം ശോഷിച്ച ആ നല്ല കൃഷിക്കാരന് പുരയിടത്തിലെ വാഴത്തോട്ടത്തില്‍നിന്നുമുള്ള വരുമാനമേയുള്ളൂ. മക്കളെപ്പോലെയാണ് തന്റെ പറമ്പിലെ വാഴകളെ മര്‍ക്കോസുചേട്ടന്‍ പരിഗണിക്കുന്നത്. അത്ര ആഴത്തിലുള്ള ബന്ധമാണ് കൃഷിയോടും മണ്ണിനോടും അയാള്‍ക്കുള്ളത്. വാഴകളെല്ലാം വെട്ടിക്കളയണമെന്ന് ഗവണ്‍മെന്റ് ഓര്‍ഡര്‍ ഉണ്ടായപ്പോള്‍ തന്റെ മക്കളെ വെട്ടിക്കളയുകയാണ് ഭേദം എന്ന് അദ്ദേഹം ചിന്തിക്കുന്നു. നിയമത്തിനുമുന്നില്‍ നിസ്സഹായനായി നില്‍ക്കാന്‍മാത്രമേ അയാള്‍ക്കു കഴിഞ്ഞുള്ളൂ. വാഴവെട്ടാന്‍ അരിവാളുമായി നില്‍ക്കുമ്പോള്‍ ആ പാവം കര്‍ഷകന്റെ ഹൃദയം നുറുങ്ങുകയായിരുന്നു. ഹൃദയവേദനയോടെ വാഴയില്‍ ആഞ്ഞുവെട്ടിയപ്പോള്‍ വെട്ടരിവാള്‍ വന്നുകൊണ്ടത് അയാളുടെ കാലില്‍ത്തന്നെയാണ്.
നിലവിലിരുന്ന സാമൂഹികവ്യവസ്ഥിതിയോട് എതിര്‍പ്പുള്ളയാളാണ് മര്‍ക്കോസുചേട്ടന്‍. ക്ഷാമം വരാന്‍പോകുന്ന കാര്യം മുന്‍കൂട്ടി കാണാനാവാത്തവര്‍ അധികാരക്കസേരയിലിരിക്കുന്നത് എന്തിനാണെന്നും വാഴകള്‍ വെട്ടാന്‍വേണ്ടണ്ടി ചെലവഴിക്കുന്ന പണം വളത്തിനും വിത്തിനും വേണ്ടി ചെലവാക്കേണ്ടതല്ലേയെന്നും അയാള്‍ ചിന്തിക്കുന്നുണ്ട്. ‘’രോഗം വന്നാല്‍ എല്ലാം വെട്ടിക്കളഞ്ഞാ മതിയോ? അങ്ങനെയാണെങ്കില്‍ ഈ ആശുപത്രീം ഒന്നും വേണ്ടല്ലോ. എല്ലാരേം കൊന്നാപ്പിന്നെ ആശുപത്രി വേണോ?’’ എന്ന് വാഴവെട്ടാന്‍ വന്ന ഉദ്യോഗസ്ഥരോട് അദ്ദേഹം തുറന്നുചോദിക്കുന്നതില്‍നിന്നും അയാളുടെ മനോഭാവം നമുക്കു മനസ്സിലാക്കാം. അധ്വാനശീലവും ആത്മാര്‍ഥസ്‌നേഹവും കഷ്ടപ്പാടുകളെ നേരിടാനുള്ള ചങ്കുറപ്പുമുള്ള കര്‍ഷകനാണ് മര്‍ക്കോസുചേട്ടനെന്ന് കഥയില്‍നിന്ന് വ്യക്തമാകുന്നു.ഭരണകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും അറിവില്ലായ്മയും അഹങ്കാരവും കര്‍ഷകരെ ഞെരുക്കുന്നതിനു ഉദാഹരണമാണ് മര്‍ക്കോസുചേട്ടന്റെ ജീവിതം.
കുട്ടികളെ, നമുക്ക് ക്ലാസ് കാണാം